2 രാജാക്കന്മാർ 1 : 1 (MOV)
ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.
2 രാജാക്കന്മാർ 1 : 2 (MOV)
അഹസ്യാവു ശമർയ്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽ സെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
2 രാജാക്കന്മാർ 1 : 3 (MOV)
എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമർയ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ സെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു?
2 രാജാക്കന്മാർ 1 : 4 (MOV)
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
2 രാജാക്കന്മാർ 1 : 5 (MOV)
ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
2 രാജാക്കന്മാർ 1 : 6 (MOV)
അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1 : 7 (MOV)
അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
2 രാജാക്കന്മാർ 1 : 8 (MOV)
അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവൻ പറഞ്ഞു.
2 രാജാക്കന്മാർ 1 : 9 (MOV)
പിന്നെ രാജാവു അമ്പതുപേർക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1 : 10 (MOV)
ഏലീയാവു അമ്പതുപേർക്കു അധിപതിയായവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
2 രാജാക്കന്മാർ 1 : 11 (MOV)
അവൻ അമ്പതുപേർക്കു അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1 : 12 (MOV)
ഏലീയാവു അവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
2 രാജാക്കന്മാർ 1 : 13 (MOV)
മൂന്നാമതും അവൻ അമ്പതുപേർക്കു അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേർക്കു അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
2 രാജാക്കന്മാർ 1 : 14 (MOV)
ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
2 രാജാക്കന്മാർ 1 : 15 (MOV)
അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.
2 രാജാക്കന്മാർ 1 : 16 (MOV)
അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
2 രാജാക്കന്മാർ 1 : 17 (MOV)
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
2 രാജാക്കന്മാർ 1 : 18 (MOV)
അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18